കേരള സംസ്ഥാനത്തിന്‍റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം ബ്ലോക്കില്‍ കിഴക്കു ഭാഗത്ത് എണ്‍മകജെ ,ഷേണി, പദ്രെ,കാട്ടുകുക്കെ എന്നീ നാലു ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്തി 78.23 ച.കീമീ. വിസ്തീര്‍ണമുള്ള പ‍ഞ്ചായത്താണ് എണ്‍മകജെ ഗ്രാമപഞ്ചായത്ത് .

  2011 ലെ സെന്‍സസ്പ്രകാരം പഞ്ചായത്തിലെ ആകെ ജനസംഖ്യ 26824 ആണ്. ഇതില്‍ 13446 പുരുഷന്‍മാരും 133378 സ്ത്രീകളുമാണ്. പട്ടികജാതി ജനസംഖ്യ 2150 ഉം പട്ടികവര്‍ഗത്തില്‍ 7222 ഉം ആണ്. പഞ്ചായത്ത് സമ്പൂര്‍ണസാക്ഷരത ,ഒഡി എഫ് പദവികള്‍ കൈവരിച്ചിട്ടുണ്ട് . ജനങ്ങള്‍ മലയാളം, കന്നഡ, തുളു, കൊങ്കണി, മറാട്ടി, ബ്യാരി, എന്നിവ സംസാരിക്കുന്നു.
ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. ഭൂപ്രദേശം ചെങ്കല്ല് , കരിങ്കല്ല് നിറഞ്ഞതാണ്. കവുങ്ങ് ,തെങ്ങ്, വാഴ നെല്ല് കുരുമുളക് , കശുമാവ് കൊക്കോ റബ്ബര്‍ തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്നു. തേന്‍കൃഷി ചെയ്യുന്നവരുമുണ്ട്. തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. വിവിധ പദ്ധതികളിലൂടെ തൊഴിലും വരുമാനവും ഉറപ്പുവരുത്താന്‍ പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ട്. ഉത്പാദന മേഖലയിലെ ഇടപെടലുകളിലൂടെ കൃഷിയും അനുബന്ധമേഖലകളിലും ഇടപെടുന്നുണ്ടെങ്കിലും കൃഷി ഭൂമിയുടെ അളവ് കുറഞ്ഞുവരുന്നത് കണക്കിലെടുക്കേണ്ട വസ്തുതയാണ്. പട്ടിക വര്‍ഗ കോളനികള്‍ 56 എണ്ണമുണ്ട്. പട്ടികജാതി കോളനികളുമുണ്ട്. ഈ സങ്കേതങ്ങളില്‍ നിരവധി പദ്ധതികള്‍ അവരുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്നുണ്ട്. പഞ്ചായത്തിലെ എ‍‍ന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതര്‍ക്കായും പദ്ധതികള് നടപ്പിലാക്കി വരുന്നുണ്ട്. പഞ്ചായത്തിന്‍റെ മറ്റൊരു പ്രധാനപ്രശ്നം എല്ലാവര്‍ക്കും സ്വന്തമായി ഒരു വീട് എന്നതാണ്.കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇ എംഎസ് പദ്ധതി, ഐഎ വൈ, പി എം എവൈ ലൈഫ് തുടങ്ങിയ ഭവനപദ്ധതികളിലൂടെ ആയിരത്തിലധികം വീടുകള്‍ വ്യക്തിഗത പദ്ധതികളായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി രണ്ടാം ഘട്ട ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഗുണഭോക്താക്കള്‍ അഗ്രിമെന്റ് വെക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ആരും ആശ്രയമില്ലാത്ത അതിദരിദ്രരെ കണ്ടെത്തി അവര്‍ക്കുള്ള പദ്ധതി ആവിഷ്കരിച്ചു വരുന്നു. തെരുവുവിളക്കുകള്‍ പരമാവുധി സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. എല്ലാ വീടുകളിലും കുടിവെള്ളം എന്ന ലക്ഷ്യത്തിലേക്ക് ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തില്‍ 2 സര്‍ക്കാര്‍ വിദ്യാലയങ്ങളും 16 എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്. പെര്‍ള കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. ബഡ്സ് സ്കൂളിനുള്ള കെട്ടിടം പണി പൂര്‍ത്തീകരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബഡ്‌സ് സ്കൂളിലേക്ക് പുതിയ ഒരു ബസ് കൂടി ലഭ്യമാക്കിയിട്ടുണ്ട്. അതി ദരിദ്രര്‍ക്കുള്ള മൈക്രോ പ്ലാന്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.