കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് 

എണ്മകജെ പഞ്ചായത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക. ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയബന്ധിതമായി നൽകുക എന്നതാണ് പഞ്ചായത്തിന്റെ കാഴ്ചപ്പാട്.

 

ദൗത്യം 

ഭാഷാസൗഹാർദ്ദത്തിന്റെ ഭൂമികയായ എന്മകജെ ഗ്രാമപഞ്ചായത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിയും ജനങ്ങളുടെ സുരക്ഷിതത്വവും ലക്ഷ്യമാണ് പ്രധാന ദൌത്യം.  പഞ്ചായത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിക്കൊണ്ട് എല്ലാ വാർഡുകളിലും മികച്ച റോഡുകൾ, സുരക്ഷിതമായ കുടിവെള്ളം, തെരുവുവിളക്കുകൾ എന്നിവ ഉറപ്പാക്കുന്നതോടൊപ്പം, ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ സമ്പൂർണ്ണ ശുചിത്വമുള്ള ഒരു ശുചിത്വ ഗ്രാമമായി എണ്മകജെയെ മാറ്റിയെടുക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. കാർഷിക സമൃദ്ധി വീണ്ടെടുക്കുന്നതിനായി തരിശുഭൂമി കൃഷി, പരിസ്ഥിതിസൗഹൃദ ജൈവകൃഷി രീതികൾ, ക്ഷീരവികസനത്തിന് ആവശ്യമായ കാലിത്തീറ്റ വിതരണം, മൃഗസംരക്ഷണം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകും.

സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വയോജനങ്ങളുടെ ക്ഷേമം എന്നിവ ഉറപ്പാക്കുന്ന സുരക്ഷിത സാമൂഹിക അന്തരീക്ഷം പഞ്ചായത്തിൽ ഒരുക്കും. 'എല്ലാവർക്കും പാർപ്പിടം' എന്ന ലക്ഷ്യത്തോടെ ഭവനരഹിതരായ മുഴുവൻ കുടുംബങ്ങളെയും കണ്ടെത്തി സുരക്ഷിതമായ വീടുകൾ നിർമ്മിച്ച് നൽകാനും, മുൻകാല പാഠങ്ങൾ ഉൾക്കൊണ്ട് പ്രകൃതിവിഭവങ്ങളെ കാത്തുസൂക്ഷിക്കുന്നതിനായി പ്രാദേശിക ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും എണ്മകജെ ഗ്രാമപഞ്ചായത്ത് പൂർണ്ണമായി പ്രതിജ്ഞാബദ്ധമാണ്.